---
title: "കണ്ണൂർ വിമാനത്താവളത്തിലെ പ്രവേശന ഫീസ് ഒഴിവാക്കണം; ജില്ലാ വികസന സമിതി യോഗം ചേർന്നു"
english_title: "District Development Committee Meeting Kannur Airport Entry Fee Should Be Removed MLA Demand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381302/district-development-committee-meeting-kannur-airport-entry-fee-05092026`"
published_at: "2026-09-06T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cbfaab2d3e_1000274681.jpg"
keywords: ["Kannur", "Airport"]
---

# കണ്ണൂർ വിമാനത്താവളത്തിലെ പ്രവേശന ഫീസ് ഒഴിവാക്കണം; ജില്ലാ വികസന സമിതി യോഗം ചേർന്നു

> **Lead Summary:** **കണ്ണൂർ** എയർപോർട്ടിലെത്തുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത് നിർത്തിവയ്ക്കാൻ നടപടിയുണ്ടാവണമെന്ന് സജീവ് ജോസഫ് എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു. നിശ്ചിത സമയം കഴിഞ്ഞതിന് ശേഷം തിരികെ പോവുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്ന രീതി മറ്റ് വിമാനത്താവളങ്ങളിൽ ഉണ്ടെങ്കിലും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിൽ നിന്നും ഫീസ് ഈടാക്കുന്നത് കണ്ണൂരിൽ മാത്രമാണ്.

## Article Content

**കണ്ണൂർ** എയർപോർട്ടിലെത്തുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത് നിർത്തിവയ്ക്കാൻ നടപടിയുണ്ടാവണമെന്ന് സജീവ് ജോസഫ് എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു. നിശ്ചിത സമയം കഴിഞ്ഞതിന് ശേഷം തിരികെ പോവുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്ന രീതി മറ്റ് വിമാനത്താവളങ്ങളിൽ ഉണ്ടെങ്കിലും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിൽ നിന്നും ഫീസ് ഈടാക്കുന്നത് കണ്ണൂരിൽ മാത്രമാണ്.

ഇതിനെതിരെ യാത്രക്കാരിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കയം തട്ടിലെ അനധികൃത നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയവും അദ്ദേഹം ഉന്നയിച്ചു.

ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പെർമിറ്റിൽ അനുമതി നൽകിയതിനേക്കാൾ കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ അവിടെ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം.

പ്രദേശത്ത് നിന്ന് അനധികൃതമായി മണ്ണ് നീക്കം ചെയ്ത നടപടിയിൽ നിർമാതാവിൽ നിന്ന് പിഴ ഈടാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മൈനിങ് ആന്റ് ജോളജി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. മഴക്കെടുതിയിൽ തകർന്ന പാലങ്ങളും റോഡുകളും പുനർനിർമിക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കാനും എം എൽ എ ആവശ്യപ്പെട്ടു.

പെരുമ്പ മുതൽ കോത്തായിമുക്ക് വരെയുള്ള പഴയ ദേശീയപാതയിലെ അനധികൃത വാഹന പാർക്കിങ് വലിയ ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വി കുഞ്ഞികൃഷ്ണൻ എം എൽ എ അറിയിച്ചു. ഇക്കാര്യത്തിൽ പോലീസ്, ആർ ടി ഒ അധികൃത സംയുക്ത പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചു.

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തിക്കാത്തത് കാരണം രോഗികൾക്ക് വലിയ പ്രയാസങ്ങളുണ്ടാവുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കവ്വായി പാർക്കിൽ സന്ദർശകർക്ക് ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്തണം, പെരിങ്ങോം വയക്കരയിൽ കാലവർഷത്തെ തുടർന്ന് ഒലിച്ചുപോയ കമ്പിപ്പാലത്തിന് പകരം പുതിയ പാലം നിർമിക്കണം, ചെറുപുഴയ്ക്ക് സമീപം കർണാടക ഫോറസ്റ്റ് അതിർത്തിയിലെ കേരളത്തിന്റെ ഭൂമിയിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ നടപടികളിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരിങ്ങോം വയക്കര, എരമം കുറ്റൂർ പഞ്ചായത്തുകളിലെ മിച്ചഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് കുറുമാത്തൂർ, പരിയാരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്നം നേരിടുന്നതായി ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ അറിയിച്ചു.

ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ പ്രദേശത്തെ ശുദ്ധജല വിതരണ പദ്ധതി അടച്ചുപൂട്ടിയത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നതായും നടപടി പുനഃപരിശോധിക്കണമെന്നും ഷാഫി പറമ്പിൽ എം പി യുടെ പ്രതിനിധി എം പി അരവിന്ദാക്ഷൻ യോഗത്തെ അറിയിച്ചു.

തലശ്ശേരി മാഹി ബൈപ്പാസിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുവരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പാലത്തിലെ പഴയ ടാറിങ് ഇളക്കിമാറ്റി പുതുതായി ടാർ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ വി സുമേഷ് എം എൽ എ യുടെ പ്രതിനിധി കിരൺ പറഞ്ഞു.

മേലെചൊവ്വ, മട്ടന്നൂർ റോഡ് ജംഗ്ഷനിൽ മേൽപ്പാലം നിർമാണ സ്ഥലം ഏറ്റെടുപ്പും കെട്ടിടങ്ങളുടെ മൂല്യനിർണയ പ്രവൃത്തിയും വേഗം പൂർത്തിയാക്കണമെന്ന അഡ്വ ടി ഒ മോഹനൻ എം എൽ എ യുടെ ആവശ്യത്തിൽ സെപ്റ്റംബർ എട്ടിന് പൊതുമരാമത്ത് വകുപ്പും റവന്യൂ വിഭാഗവും സംയുക്ത പരിശോധന നടത്തും. പാടിക്കൽ മാട്ടൂർ തീരദേശ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന രാജ്മോഹൻ ഉണ്ണിത്താൻ എം പി യുടെ നിർദേശത്തിന്മേൽ 20 ലക്ഷം രൂപ വകയിരുത്തി പദ്ധതി തയ്യാറാക്കിയതായും ഡി പി സി യുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ധർമടം വില്ലേജിലെ ഡിജിറ്റൽ സർവേ സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്ന ഷാഫി പറമ്പിൽ എം പി യുടെ ആവശ്യം പരിഗണിച്ച് തലശ്ശേരി താലൂക്കിൽ എൽ ആർ എം സെക്ഷനിൽ സർവേയർമാരെ നിയോഗിച്ചതായി സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കണ്ണൂർ സെൻട്രൽ ജയിലിനടുത്തുള്ള പെട്രോൾ പമ്പിലെ ചോർച്ച മൂലം സമീപത്തെ എഴുപതിലേറെ കുടുംബങ്ങളിലെ കിണറുകൾ മലിനമായ സാഹചര്യത്തിൽ നടപടികൾ ഉണ്ടാകണമെന്ന് കെ സുധാകരൻ എം പി യുടെ ആവശ്യം പരിഗണിച്ച് പെട്രോൾ പമ്പിൽ കോൺക്രീറ്റ് കൊണ്ടുള്ള സെക്കണ്ടറി കണ്ടെയ്ൻമെന്റ് വാൾ നിർമാണം പൂർത്തിയാക്കിയതായും അനുബന്ധ പൈപ്പുകൾ എച്ച് ഡി പി ഇ പൈപ്പുകളാക്കി മാറ്റിയതായും കുടിവെള്ള പ്രശ്നം അനുഭവിക്കുന്ന നാല്പതിലേറെ കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം തുടരുന്നതായും കിണറുകളിലെ ജല പരിശോധന നടക്കുന്നതായും എ ഡി എം അറിയിച്ചു.

യോഗത്തിൽ എം എൽ എ മാരായ ടി ഒ മോഹനൻ, സജീവ് ജോസഫ്, വി കുഞ്ഞികൃഷ്ണൻ, ജില്ലാ കലക്ടർ പി വിഷ്ണു രാജ്, ഷാഫി പറമ്പിൽ എം പി യുടെ പ്രതിനിധി എം പി അരവിന്ദാക്ഷൻ, രാജ്മോഹൻ ഉണ്ണിത്താൻ എം പി യുടെ പ്രതിനിധി അജിത്ത് മാട്ടൂൽ, തലശ്ശേരി സബ് കലക്ടർ രവി മീണ, അസിസ്റ്റന്റ് കലക്ടർ എസ് സ്വാതി, എ ഡി എം ഇൻചാർജ് കെ ബാലഗോപാലൻ, ജില്ലാ പ്ലാനിങ് ഓഫീസർ രാജേഷ് ടി, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381302/district-development-committee-meeting-kannur-airport-entry-fee-05092026`)